പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു.
പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. ഈ കേസിൽ വിധി വരുന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
Chenthamara found guilty in Nenmara Sajitha murder case; sentencing to be announced the next day